മറയൂർ: ഒറ്റയാൻ ഭീതിയെത്തുടർന്നു കൃഷിചെയ്ത വാഴത്തോട്ടം വെട്ടിനശിപ്പിച്ച് വീട്ടമ്മ. മറയൂർ ഇന്ദിരനഗറിലെ ഡെയ്സി അഗസ്റ്റിന്റെ കൃഷിയിടത്തിലെ 50ലധികം വാഴകളാണ് നശിപ്പിക്കപ്പെട്ടത്.
കഴിഞ്ഞ ഒരാഴ്ചയായി ഇന്ദിരനഗർ, കരിമൂട്ടി, കോരക്കടവ് പ്രദേശങ്ങളിൽ ഒറ്റയാന്റെ ആക്രമണം രൂക്ഷമാണ്.വീട്ടുമുറ്റത്തെ വാഴ, തെങ്ങ്, കമുക് തുടങ്ങിയവ കാട്ടാന പതിവായി നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഏക വരുമാനമാർഗമായ വാഴത്തോട്ടം വെട്ടിനശിപ്പിച്ചത്.
വാഴക്കുലകൾ ഭക്ഷിക്കുന്നതിനായി ആന എത്താനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ഈ തീരുമാനം. നേരം ഇരുട്ടിയാൽ വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും ഈ വീട്ടമ്മ പറഞ്ഞു. ഒറ്റയാനെ ചിന്നാർ വനത്തിലേക്ക് അടിയന്തരമായി തുരത്തണമെന്നാണ് ഇവരുടെ ആവശ്യം.